രാജ്യത്ത് 24 മണിക്കൂറിനിടെ 3900 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ ആശങ്കാജനകമായ വർദ്ധനവ്. 24 മണിക്കൂറിനിടെ 3900 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.195 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത് . കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി. മരണപ്പെട്ടവരുടെ എണ്ണം 1568 ആയി ഉയർന്നു. രാജ്യത്ത് 32124 സജ്ജീവ രോഗികളാണുള്ളത്. 12727 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേർക്ക് രോഗം ഭേദമായപ്പോൾ 583 പേർ മരിച്ചു. ഗുജറാത്തിൽ 5804 കേസുകളും ഡൽഹിയിൽ 4898 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 3550 കേസുകളും രാജസ്ഥാനിൽ 3061 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പത് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ കൂടുതലാണ്. 49,635 പേർ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേർ ലോകത്താകമാനം ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്.