ഒരു കൊലപാതകം മറക്കാൻ മറ്റൊന്ന്; കോഴിക്കോട് ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കോഴിക്കോട് വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. ഒരു കൊലപാതകം അന്വേഷിച്ച ക്രൈംബ്രാഞ്ച് തെളിയിച്ചത് രണ്ടു കൊലപാതകങ്ങൾ.
തലയോട്ടി കിട്ടിയതോടെ പോലീസ് രേഖാചിത്രം തയ്യാറാക്കുകയും തുടർന്ന് മൃതദേഹത്തിലെ ഫിംഗർപ്രിന്റ് പരിശോധിക്കുകയും മൃതദേഹം മോഷണ കേസുകളിൽ പ്രതിയായിരുന്ന ഇസ്മായിലിന്റെ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇസ്മായിലിന്റെ മാതാവിനെ കണ്ടെത്തി അവരുടെ രക്തം ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഇതിലൂടെ കൊല്ലപ്പെട്ടത് ഇസ്മായിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് ഇസ്മായിൽ എങ്ങനെ കൊല്ലപ്പെട്ടെന്ന് പോലീസ് അന്വേഷണം തുടങ്ങി. തുടർന്ന് ഇസ്മായിൽ പണം നൽകാമെന്ന് പറഞ്ഞിരുന്ന ഒരാളെ കണ്ടെത്തി. മുക്കം ഭാഗത്തുള്ള ഒരു കുഞ്ഞച്ചൻ എന്നയാളിൽനിന്ന് പണം കിട്ടാനുണ്ടെന്നും അയാളോട് പറഞ്ഞിരുന്നു, കുഞ്ഞച്ചന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതെന്നും മനസ്സിലായതിനെ തുടർന്ന് മുക്കം ഭാഗത്തെ അസ്വഭാവിക മരണങ്ങളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 70 വയസ്സുണ്ടായിരുന്ന ഒരു വയോധികയുടെ തൂങ്ങിമരണം പോലീസിന് സംശയം ഉണ്ടാക്കി തുടർന്ന് വയോധിക താമസിച്ചിരുന്ന ഭാഗത്ത് പോലീസ് സംഘം അന്വേഷണം നടത്തിയപ്പോൾ അവരുടെ മരണശേഷം മകനായ ബിർജുവും കുടുംബവും വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് പോയിരുന്നു എന്ന വിവരം ലഭിച്ചു.
ബിജുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിൽ തമിഴ്നാട് നീലഗിരി ഭാഗത്ത് ബിർജുവുണ്ടെന്ന വിവരം ലഭിച്ചു. പോലീസ് എത്തുന്നുണ്ടെന്ന് വിവരമറിഞ്ഞ് ബിർജു അവിടുന്ന് മുങ്ങുകയും പിന്നീട് മുക്കത്ത് നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.
തുടർന്ന്, ബിർജുവും ഇസ്മയിലും ചേർന്ന് സ്വത്ത് ലഭിക്കാനായി ബിർജുവിന്‍റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയിരുന്നുവെന്നും, ഈ കൊലപാതകത്തിന്‍റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് 2017 ല്‍ ഇസ്മയിലിനെ കൊന്നതെന്നും, ബിർജു മൊഴിനൽകി.
പിതാവിന്റെ മരണശേഷം ബിർജുവിനും സഹോദരനും സ്വത്തുക്കൾ നൽകിയെങ്കിലും ബിർജു അതെല്ലാം ധൂർത്തടിച്ചു. ഇതിനിടെ മാതാവിൽനിന്ന് ബിർജു പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് മാതാവിനെ കൊലപ്പെടുത്താൻ ഇസ്മായിലിനെ ഏർപ്പാടാക്കുന്നത്. കൊലക്ക് ശേഷം ഇസ്മായിലിന് നൽകാനുള്ള കൊട്ടേഷൻ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ഇസ്മായിലിനെയും കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധസ്ഥലങ്ങളിൽ ഉപേക്ഷിച്ചത്.