ഉടുക്കുകൊട്ടി പേടിപ്പിക്കരുത്; പത്രപ്രവർത്തക യൂണിയനോട് സെൻകുമാർ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനോട് കയർത്ത സംഭവത്തിൽ മാപ്പുപറയണമെന്ന പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളി മുൻ ഡിജിപി ടിപി സെൻകുമാർ. വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തിൽ സെന്‍കുമാര്‍ മാപ്പുപറയണമെന്ന ആവശ്യവുമായി കെയുഡബ്ലുജെ പ്രസ്താവന ഇറക്കിയിരുന്നു. ഉടുക്കുകൊട്ടിപ്പേടിപ്പിക്കരുതെന്നാണ് ഇതിന് മറുപടിയായി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സെന്‍കുമാറിന്റെ മാധ്യമപ്രവർത്തകനോട് ഉള്ള പെരുമാറ്റത്തെ അപലപിച്ച് കെയുഡബ്ലുജെ രംഗത്തെത്തിയിരുന്നു. ഗുണ്ടകളുമായാണ് സെന്‍കുമാര്‍ വാർത്താ സമ്മേളനത്തിന് എത്തിയതെന്നും. അവർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും കെയുഡബ്ല്യുജെ ആരോപിച്ചിരുന്നു. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കെയുഡബ്യുജെ വ്യക്തമാക്കിയിരുന്നു.