News

രോഗിയായ സ്ത്രീയെ  അടിമാലി ടൗണിനു സമീപം കാറിനുള്ളിൽ കണ്ടെത്തി;കൂടെയുണ്ടായിരുന്ന ഭർത്താവിനെ കാണ്മാനില്ല

അടിമാലി : രോഗിയും അവശയുമായ സ്ത്രീയെ  അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് കാറിനുള്ളിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് കെ എല്‍ 12 സി 4868 എന്ന ആള്‍ട്ടോ കാറില്‍ 55 കാരിയായ സ്ത്രീയെ കണ്ടെത്തുന്നത്. വാഹനത്തില്‍ നിന്നും കിട്ടിയ രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇത് വയനാട് സ്വദേശിനിയായ ലൈലാമണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഭർത്താവ് മാത്യുവിനെ കാണ്മാനില്ല.

വ്യാഴാഴ്ച്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയായിട്ടും വാഹനം പോകാതെ വരികയും വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയിട്ടുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന.

അതേസമയം താന്‍ തിരുവനന്തപുരം സ്വദേശിനിയാണെന്നും മാത്യുവിനെ വിവാഹം കഴിച്ച് വയനാട്ടിലെ മാനന്തവാടിയിലെത്തുകയായിരുന്നെന്നും ചികത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് വയനാട്ടില്‍ നിന്നും ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് തിരിച്ചത്. യാത്രാ മധ്യേ അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതായും ലൈലാ മണി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button