News
കാപ്പിക്കോ റിസോർട്ട് പൊളിക്കൽ;പാരിസ്ഥിതിക ആഘാത പഠനം നടത്താനൊരുങ്ങി സർക്കാർ
ആലപ്പുഴ : ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട്, പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ നിർദ്ദേശം ലഭിച്ചാൽ ഉടൻ റിസോർട്ട് പൊളിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യവും, സങ്കേതിക സൗകര്യവും ഒരുക്കാൻ ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. അതേസമയം പൊളിച്ച് നീക്കൽ നടപടികൾ ഏറ്റെടുക്കാനാകില്ലെന്ന് പാണാവള്ളി പഞ്ചായത്ത് അറിയിച്ചു. സാങ്കേതിക സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്റെ നടപടി.
പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് നിൽക്കുന്നത്. റിസോർട്ട് നിർമ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്നും, കായൽ കയ്യേറ്റം നടത്തിയാണെന്നും ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പി കോ റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളാണ് റിസോർട്ടിൽ ഉള്ളത്. ഇതിൽ മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയുണ്ട്. ഇതിനാൽ തന്നെ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്തക എന്നതാണ് പ്രാഥമിക ആവശ്യമെന്ന് ജില്ലാഭരണകൂടവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.