കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കടത്തി വിറ്റു: താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ഇടുക്കി : കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കടത്തി അനധികൃത മദ്യവിൽപ്പന നടത്തിയ കൺസ്യൂമർഫെഡ് താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. അടിമാലി കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിലെ താത്കാലിക ജീവനക്കാരനായ അതുൽ സാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അനധികൃത വിൽപ്പനയ്ക്ക് കൂട്ടുനിന്നതായി കണ്ടെത്തിയ ശാഖ മാനേജർ അടക്കം 6 ജീവനക്കാരെ കൺസ്യൂമർഫെഡ് സസ്പെൻഡ് ചെയ്തു.
മാർച്ച് 25ന് ബില്ലില്ലാത്ത മദ്യവുമായി കൺസ്യൂമർഫെഡിലെ ജീവനക്കാരൻ അതുൽ സാബുവിനെയും സഹോദരനെയും പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തിൽനിന്ന് ഏഴായിരം രൂപയും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മദ്യവിൽപ്പനശാലയിൽ സൂക്ഷിച്ചിരുന്ന മദ്യം കടത്തി ഉയർന്നവിലയ്ക്ക് വിൽപ്പന നടത്തിയെന്നത് തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് കൺസ്യൂമർഫെഡ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ ബില്ലിലെ കണക്കുകളും സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. ഇതിനുപിന്നാലെയാണ് മാനേജർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തത്.