കാറിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീയെ തേടി മകൻ എത്തി;രണ്ടാം ഭർത്താവ് വഴിയിൽ ഉപേക്ഷിച്ചതെന്ന് മകൻ
ഇടുക്കി : കാറിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീയെ തേടി മകൻ എത്തി. മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെ തേടിയാണ് മകൻ മഞ്ജിത്ത് എത്തിയത്.മാധ്യമവാർത്തകൾ കണ്ടാണ് മഞ്ജിത്ത് ശനിയാഴ്ച രാവിലെയോടെ അടിമാലി പോലീസ് സ്റ്റേഷനിൽ എത്തിയത്. കട്ടപ്പനയിലാണ് ഇയാൾ താമസിക്കുന്നത്.
ലൈലാമണിയുടെ രണ്ടാം ഭർത്താവാണ് മാത്യു എന്നും ഇയാൾ ഇതിനുമുമ്പും ഇവരെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും മകൻ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചായിരുന്നു ഇത്. അന്ന് തിരുവനന്തപുരത്തുള്ള മകളാണ് അമ്മയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഏറെക്കാലം സംരക്ഷിച്ചിരുന്നത്. പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വയനാട്ടിൽ സ്ഥലം വാങ്ങി അവിടെ താമസം ആരംഭിച്ചു. പിന്നീട് സ്ഥലം വിൽക്കുകയും വയനാട്ടിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. ഒടുവിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മകന്റെ അടുത്തേയ്ക്ക് എന്നു പറഞ്ഞ് മൂന്നുദിവസം മുൻപ് ഇവർ കാറിൽ യാത്ര തിരിച്ചിരുന്നു ആ യാത്രയിലാണ് ഭർത്താവ് മാത്യു ലൈലാ മണിയെ കാറിനകത്ത് വഴിയിലുപേക്ഷിച്ചത്.