News
അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയിൽ;സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍
കാസര്‍കോട്: അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രൂപശ്രീയെ മൂന്നു ദിവസങ്ങണായി കാണാതായിരുന്നു. സംഭവത്തില്‍ ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകകനായ അദ്ധ്യാപകനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നു എന്ന് പറയുന്നു.
കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മുങ്ങിമരണമെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.
രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.