News

അലൻ ഷുഹൈബിന്റെ അമ്മയ്ക്ക് മറുപടിയുമായി പി ജയരാജൻ; പോലീസ് റിപ്പോർട്ട് വെച്ചല്ല, വ്യക്തമായ തെളിവ് കിട്ടിയിട്ടാണ് അലൻ മാവോയിസ്റ്റ് ആണെന്ന് പറഞ്ഞത്

യുഎപിഎ കേസിൽ അറസ്റ്റിലായ അലനെതിരേ വീണ്ടും സിപിഎം നേതാവ് പി. ജയരാജൻ. ഫെയ്സ്ബുക്കിൽ അലന്റെ അമ്മ ഇട്ട പോസ്റ്റിന് മറുപടിയായാണ് ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്. അലന്റെ അമ്മ വായിച്ചറിയുവാൻ എന്നു തുടങ്ങുന്ന കുറിപ്പിലാണ് ജയരാജൻ വീണ്ടും അലനെതിരേ പരാമർശം നടത്തിയിരിക്കുന്നത്. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്ന് കുറിപ്പിൽ പി. ജയരാജൻ ആവശ്യപ്പെടുന്നു. കോഴിക്കോട് നടക്കുന്ന കെഎൽഎഫ് വേദിയിൽ സംവാദത്തിനിടയിൽ താൻ പറഞ്ഞ കാര്യങ്ങളെ എതിർത്തു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് മീഡിയ വൺ പോലുള്ള മാധ്യമങ്ങൾ വലിയ ചർച്ചയാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചതു കൊണ്ടാണ് ഇങ്ങനെ എഴുതാൻ നിർബന്ധിതനായതെന്ന് പോസ്റ്റിൽ ജയരാജൻ വ്യക്തമാക്കുന്നു.

അലൻ എസ്എഫ്ഐ നേതാവാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പാർട്ടി മെമ്പറായിരുന്നു കൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചുവെന്നാണ് താൻ പറഞ്ഞതെന്നും ജയരാജൻ പോസ്റ്റിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ ഫ്രട്ടേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ അലൻ ശ്രമിച്ചു. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലൻ താമസിക്കുന്ന മുറിയിൽ എത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലർച്ചെ സ്ഥലം വിട്ടിരിന്നുവെന്നും സഹവിദ്യാർഥികൾ അറിയിച്ചിരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പരാമർശമെന്നും ജയരാജൻ വ്യക്തമാക്കി. മുസ്ലിം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴാതിരിക്കാൻ അപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അലന്‍റെ അമ്മ വായിച്ചറിയുവാന്‍…..കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട്ഫേസ്ബുക്കിലിട്ട പോസ്റ്റ് മീഡിയാവണ്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റ്ദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്. 

 അലന്‍ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സി.പി.എം മെമ്പറാണ്. പാര്‍ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത  മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം.  എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സി.പി.ഐ(എം) പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

 മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍…!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.

https://m.facebook.com/story.php?story_fbid=2599673563625231&id=1410621665863766

 

Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button