News
പി.എസ്.സി. പരീക്ഷാ മേൽനോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സർക്കാർ ഉത്തരവിട്ടു
തിരുവനന്തപുരം :പി.എസ്.സി. പരീക്ഷാ മേൽനോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സർക്കാർ ഉത്തരവായി. ഇനിമുതൽ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്നും ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. പി.എസ്.സി. പരീക്ഷകൾ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത്.
എഴുത്തുപരീക്ഷകളുടെ നടത്തിപ്പിൽ പി.എസ്.സി. നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരിന്റെ സഹകരണം തേടി കമ്മിഷൻ സെക്രട്ടറി സർക്കാരിന് കത്തയച്ചിരുന്നു.പി.എസ്.സി. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഉത്തരവ്.
പി.എസ്.സി. ആവശ്യപ്പെടുന്നപക്ഷം സർക്കാർ, എയ്ഡഡ് സ്കൂളുകളും കോളേജുകളും പരീക്ഷാകേന്ദ്രങ്ങളാക്കാൻ സ്ഥാപനമേധാവികൾ അനുമതി നൽകേണ്ടതാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പരീക്ഷയ്ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾ വിട്ടുനൽകുന്നതിന് ചില മേധാവികൾ വിസമ്മതം പ്രകടിപ്പിക്കുന്നതായി പി.എസ്.സി. ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം സമയബന്ധിതമായി പൂർത്തിയാക്കേണ്ട പരീക്ഷാനടപടികളുടെ നടത്തിപ്പിന് വളരെയധികം പ്രയാസം നേരിടേണ്ടിവരുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരീക്ഷ തുടങ്ങുന്നതിന് ചുരുങ്ങിയ സമയംമുൻപുമാത്രമാണ് എത്തിച്ചേരാറുള്ളത്. അതുകൊണ്ട് അവർക്ക് മതിയായ നിർദേശങ്ങൾ നൽകാൻ പി.എസ്.സി.യിൽനിന്നു പോകുന്ന ഉദ്യോഗസ്ഥർക്ക് കഴിയാറില്ലെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പും തുടർനടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ഇതിനെതിരേ അധ്യാപകസംഘടനകൾ എതിർപ്പുയർത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമായ തീരുമാനമാണ് സർക്കാർ എടുത്തത് എന്ന് അധ്യാപക സംഘടനകൾ പ്രതികരിച്ചു.