News
പൗരത്വ നിയമ ഭേദഗതി ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയുടെ ഭാഗം:സീതാറാം യെച്ചൂരി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയുടെ ഭാഗമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ഭരണഘടനയേയോ സംസ്കാരത്തെയോ അംഗീകരിക്കാത്ത ബിജെപിയുടെ, മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുക എന്ന അജണ്ടയുടെ ഭാഗമാണ് നിയമമെന്നും യെച്ചൂരി പറഞ്ഞു. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുവന്നിട്ടുള്ള മുസ്ലീങ്ങൾ ഒഴിച്ചുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും ചേർന്നതല്ല. വസുധൈവക കുടുംബകം എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘അസമിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം എൻആർസി വന്നതിനുശേഷം 20 ലക്ഷത്തിനടുത്ത് ആളുകൾ പട്ടികയിൽ നിന്ന് പുറത്തായി. എന്നാൽ ഇവരിൽ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തിലുള്ളവർ ആയിരുന്നില്ല. അത് ബിജെപിയുടെ കണക്കുകൂട്ടലിന് വിരുദ്ധമായിരുന്നു. ഇത് മറികടക്കാനാണ് മുസ്ലീങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമവുമായി ബിജെപി രംഗത്ത് വന്നത്. പൗരത്വം ലഭിക്കാത്ത മുസ്ലീങ്ങളെ ഡിറ്റൻഷൻ സെന്ററുകളിലാക്കും. ഇത്തരം ഡിറ്റൻഷൻ സെന്ററുകളിൽ നിരവധി ആളുകൾ അസമിൽ മരിച്ചതായും’ യെച്ചൂരി പറഞ്ഞു.
‘2003ൽ അദ്വാനി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എൻപിആർ നിയമഭേദഗതി വരുന്നത്. ഇതനുസരിച്ച് എല്ലാ ഇന്ത്യൻ പൗരന്മാരുടെയും രജിസ്റ്റർ കാലാകാലങ്ങളിൽ പുതുക്കണമെന്നാണ്. 2020 ഏപ്രിലിൽ ഇതനുസരിച്ച് എൻപിആർ പുതുക്കൽ തുടങ്ങും. സെൻസസിനൊപ്പമാണ് ഇത് നടത്തുക. അതുകൊണ്ട് എൻപിആർ പുതിയ കാര്യമല്ല അത് സെൻസസിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും’ യെച്ചൂരി ആരോപിച്ചു.
ഇന്ത്യയിൽ ജീവിക്കുന്നവരുടെ എണ്ണമാണ് സെൻസസിൽ ശേഖരിക്കുന്നത്. അതിൽ പൗരത്വം വിഷയമല്ല. എന്നാൽ എൻപിആർ എന്നത് പൗരത്വവുമായി ബന്ധപ്പെട്ടതാണ്. അത് ഇന്ത്യയിലെ പൗരന്മാരുടെ കണക്കെടുപ്പാണ്. സെൻസസിനെത്തുന്ന ആളിന്റെ കൈയിൽ രണ്ട് തരം ചോദ്യങ്ങളാകും ഉണ്ടാവുക. ഒന്ന് സെൻസസിനുവേണ്ടിയുള്ളതും മറ്റൊന്ന് എൻപിആറിനു വേണ്ടിയുള്ളതും. ഇതിൽ എൻപിആർ ചോദ്യങ്ങൾക്ക് ഉത്തരം നൽകരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിക്കാൻ സിപിഎം ഓരോ വീടുകളിലും പ്രചാരണത്തിനെത്തുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
എൻപിആർ വിവരങ്ങൾക്ക് രേഖകൾ ഒന്നും നൽകേണ്ടതില്ലെന്നാണ് അവർ പറയുന്നത് ശരിയാണ്. പക്ഷെ നിങ്ങൾ എൻപിആറിനായി നൽകുന്ന ഉത്തരങ്ങൾ പരിശോധിച്ച് രജിസ്ട്രാർ നിങ്ങൾ ഇന്ത്യൻ പൗരനാണോ അതോ പൗരത്വത്തിൽ സംശയം തോന്നുന്ന ആളാണോ എന്ന് തീരുമാനിക്കും. ഇത്തരത്തിൽ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാന രേഖയാണ് എൻപിആർ. ഇത്തരത്തിൽ സംശയം ആരോപിക്കപ്പെടുന്നവരുടെ പേരുകൾ എൻആർസിയിൽ വരില്ല. ഇവർക്ക് എൻആർസിയിൽ പേര് വരണമെന്നുണ്ടെങ്കിൽ രേഖകൾ സമർപ്പിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പാവപ്പെട്ടവരും ആദിവാസികളും വിധവകളും, ശാരീരിക വൈകല്യങ്ങളുള്ളവരുമായ ജനങ്ങൾക്ക് ഇത്തരത്തിൽ രേഖകൾ സംഘടിപ്പിക്കുക അസാധ്യമാണ്. അവർ എൻആർസിയിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.