മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലങ്കിൽ നിയമം ചൂണ്ടിക്കാട്ടി തെളിയിക്കൂ:ഗവർണർ
തിരുവനന്തപുരം: ‘ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതിൽ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെ’ എന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ.
‘സർക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ഞാൻ ചെയ്യുന്നത്. ഞാൻ നിയമമാണ് പറയുന്നത് തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണ്. റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാൻ അനുവാദം നൽകുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തലാണ് തന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും’എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.
കോഴിക്കോട്ടെ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത് മാറ്റിവെച്ചത് സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അവർക്ക് നിരവധി ഭീഷണികൾ ലഭിച്ചെന്നും ഗവർണർ പറഞ്ഞു. സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചർച്ചകളോടും സംവാദങ്ങളോടും മുഖം തിരിക്കുകയും ചെയ്യുന്നവർ അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നവരാണെന്നും ഗവർണർ പറഞ്ഞു.
തനിക്കെതിരായ സിപിഎമ്മിന്റെയും സിപിഐയുടെയും വിമർശനങ്ങളോട് പ്രതികരിക്കാനില്ലന്ന് ഗവർണർ. കേരളത്തിൽ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നാണ് ഇവർ ഒരിക്കൽ ഭീഷണി മുഴക്കിയത്. എന്നാൽ അതിന് ശേഷവും ഞാൻ തുടർച്ചയായി സഞ്ചരിക്കുന്നു. അവർ എന്തുവേണമെങ്കിലും പറയട്ടെ. അതിനൊന്നും മറുപടി നൽകാൻ തയ്യാറല്ലെന്നും ആര് എന്തുപറഞ്ഞാലും ഞാൻ എന്റെ ഭരണഘടാനാ ബാധ്യതകൾ നിറവേറ്റുമെന്നും ഗവർണർ പറഞ്ഞു.