News
പുത്തൻ കാറിൽ കല്ലുകൊണ്ട് കുത്തി വരച്ച് പുരോഹിതൻ; സഭ ഇടപെട്ട് കേസ് ഒതുക്കി, നശിപ്പിച്ച കാർ സഭ ഏറ്റെടുത്തിട്ട് പുത്തൻ കാർ വാങ്ങിനൽകും
പത്തനംതിട്ട : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലെടുത്ത് കുത്തിവരച്ച് കാർ നശിപ്പിച്ച് പുരോഹിതൻ. സിസിടിവി ദൃശ്യങ്ങൾ പ്രകാരം വീട്ടുകാർ പോലീസിൽ പരാതി നൽകി. പത്തനംതിട്ട മലങ്കര കാത്തോലിക്ക സഭയുടെ പുരോഹിതനാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കല്ലെടുത്തു വരഞ്ഞത്.
കോന്നി ആനകല്ലിങ്കൽ ഷേർലി ജോഷ്വയുടെ പുത്തൻ കാറിൽ ആണ് മലങ്കര കത്തോലിക്കാ സഭയുടെ പുരോഹിതൻ ഫാദർ മാത്യു കല്ലെടുത്തു കുത്തിവരച്ചത്. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹ ആവശ്യത്തിനു വേണ്ടി വാങ്ങിയ പുത്തൻ കാറിലായിരുന്നു ഫാദർ മാത്യുവിന്റെ കുത്തിവര.
പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഷെർലിയും കുടുംബവും.
പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ ഫാദർ മാത്യുവിന്റെ കാറിന്റെ മുന്നിലായിരുന്നു ഷെർളിയുടെ കാർ പാർക്ക് ചെയ്തിരുന്നത്. ഫാദർ മാത്യുവിന്റെ കാർ എടുക്കാനുണ്ടായ ബുദ്ധിമുട്ടിൽ പ്രകോപിതനായാണ് ഫാദർ ഷേർളിയുടെ പുത്തൻ കാറ് കുത്തിവരച്ച് നശിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു. നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്ന് സഭ ഇവരോട് ആവശ്യപ്പെട്ടു.