News

അഞ്ചലിൽ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നില്‍ വിഷം;മരുന്ന് കഴിച്ച നിരവധി ആളുകൾക്ക് ഗുരുതര വൃക്ക കരൾ രോഗങ്ങൾ

കൊല്ലം : അഞ്ചലിൽ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നില്‍ വിഷം. അഞ്ചല്‍ ഏരൂര്‍ പത്തടിയില്‍ മരുന്നുകഴിച്ച നാലുവയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള 100പേര്‍ക്ക് വൃക്ക, കരള്‍ രോഗങ്ങള്‍ പിടിപെട്ടു. മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറി കണ്ടെത്തി.

അഞ്ചല്‍ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡി വൈദ്യന്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നുനല്‍കിയത്. തെലുങ്കാന സ്വദേശി ലക്ഷമണ്‍ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ 100 വീടുകളില്‍ മരുന്നുനല്‍കിയത്. ഇതു കഴിച്ചതോടെ പ്രദേശത്തുള്ളവരെല്ലാം ഗുരുതര കരള്‍, വൃക്ക രോഗികളായി മാറി.

പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകന്‍ നാലുവയസ്സുകാരന്‍ മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന് ഇയാള്‍ ചികിത്സ നല്‍കിയിരുന്നു. മരുന്ന് 10 ദിവസം കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും ബാധിച്ചു.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം ശിശുരോഗ ആശുപത്രിയിലേക്കുമാറ്റി. അവിടെ 10 ദിവസം വെന്റിലേറ്ററില്‍ ജീവനുവേണ്ടി മല്ലിട്ട ശേഷമാണ് ജീവന്‍ രക്ഷിക്കാനായത്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രത്തില്‍ അയച്ചു പരിശോധിച്ചത്. പരിശോധനയില്‍ അനുവദനീയമായ അളവിന്റെ 20 ഇരട്ടിയില്‍ അധികം മെര്‍ക്കുറി ഇയാള്‍ നല്‍കിയ മരുന്നുകളില്‍ കണ്ടെത്തി.

advertisement

പ്രദേശത്ത് 100 പേര്‍ ഇയാളുടെ മരുന്നുകഴിച്ചതായി പറയുന്നു. 5000- രൂപ മുതല്‍ 20,000 വരെയായിരുന്നു വ്യാജ വൈദ്യന്‍ നാട്ടുകാരില്‍നിന്ന് വാങ്ങിയത്. സംഭവം പുറത്തായതോടെ ഇയാള്‍ ഒളിവില്‍പ്പോയി . പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button