കൊട്ടിയൂരിൽ ആയുധങ്ങളുമായി മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനവും ലഘുലേഖ വിതരണവും
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനവും ലഘുലേഖ വിതരണവും. ഇന്നലെ രാവിലെ ആറ് മണിയോടെ ഒരു സ്ത്രീയുള്‍പ്പെട്ട നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘമെത്തിയത്. ഇവരില്‍ മൂന്നു പേരുടെ കൈകളില്‍ തോക്കുകളുണ്ടായിരുന്നു. സംസ്ഥാന പൊലീസും തണ്ടർബോൾട്ടും നിരന്തരമായി പരിശോധനകൾ നടത്തുന്ന സാഹചര്യത്തിലാണ് വീണ്ടും പരസ്യമായി മാവോയിസ്റ്റുകൾ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.
ഇവര്‍ അമ്പായത്തോട് പ്രദേശത്ത് ഒട്ടിച്ച പോസ്റ്ററില്‍ ‘അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി-പിണറായി കൂട്ടുകെട്ട്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘാംഗങ്ങളില്‍ മലയാളം സംസാരിക്കുന്നവരുമുണ്ടായിരുന്നു. അര മണിക്കൂര്‍ സംഘം സ്ഥലത്തുണ്ടായിരുന്നു. ശേഷം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സില്‍ കയറി തങ്ങള്‍ മാവോയിസ്റ്റാണെന്നും ആരും ഫോണ്‍ ചെയ്യരുതെന്നും സംഘം ആവശ്യപ്പെടുകയും ചെയ്യ്തു. ശേഷം ബസ് ജീവനക്കാര്‍ക്ക് ലഘുലേഖ വിതരണം ചെയ്ത സംഘം അമ്പായത്തോട് ടൗണില്‍ പോസ്റ്റര്‍ പതിച്ച ശേഷം വനത്തിലേക്ക് മടങ്ങി.
ഓപ്പറേഷന്‍ സമാധാനിലൂടെ ജനങ്ങള്‍ക്കു നേരെയുണ്ടായ യുദ്ധം പരാജയപ്പെടുത്തുക, ജനുവരി 31ന് പ്രഖ്യാപിച്ച സമാധാനവിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മാവോയിസ്റുകൾ വിതരണം ചെയ്ത ലഘുലേഖയില്‍.
മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടും പോലീസും ഇന്നലെ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് പ്രാദേശികമായി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.