സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
കൊച്ചി: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് 1 ന് കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോള്‍സ് കോളേജില്‍ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി രംഗത്ത് എത്തി. കലാഭവനില്‍ അദ്ദേഹം എഴുതിയ സ്കിറ്റുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്കിറ്റുമായി വേദികളില്‍ തിളങ്ങിയിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും. തുടര്‍ന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളില്‍ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചു.
1986 ല്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. മോഹൻലാല്‍-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.
1989 ല്‍ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. അതില്‍ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹല്ചല് എന്ന പേരില്‍ 2004 ല്‍ പ്രിയദര്ശൻ ഗോഡ്ഫാദര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളാണ്. ലേഡീസ് ആന്റ് ജന്റില്‍ മാൻ, കിംഗ് ലയര്‍, ഫുക്രി, ഭാസ്കര്‍ ദ റാസ്കല്‍ (തമിഴ്) തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2020 ല്‍ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ ആയിരുന്നു അവസാന ചിത്രം.
സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവര്‍ മക്കളാണ്.