ചൈനയിൽ അജ്ഞാത വൈറസ്;ഇന്ത്യൻ വിമാനത്താവളങ്ങളിൽ കർശന പരിശോധന
ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിക്കുന്ന അജ്ഞാത വൈറസിനെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന.
ചൈനയിൽനിന്ന് വരുന്ന വിമാനങ്ങളിൽ പരിശോധന സംബന്ധിച്ച അനൗൺസ്മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ചൈനയിൽ വൂഹാൻ നഗരത്തിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു. വൈറസ് ബാധ മൂലം ഇതുവരെ ആറു പേർ മരണപ്പെട്ടു എന്നും 291പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 77 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി.