News

ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക്‌ അർഹിക്കുന്ന മര്യാദയും ബഹുമാനവും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം:ഹിന്ദു എഡിറ്റോറിയൽ

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവിലെ മുഖപ്രസംഗത്തിലാണ്‌ കേരളത്തിലേയും പശ്ചിമ ബംഗാളിലെയും ഗവർണർമാരുടെ പ്രകോപനപരമായ രാഷ്ട്രീയ നിലപാടിനെ വിമർശിച്ചിട്ടുള്ളത്‌. കേരള പശ്ചിമബംഗാൾ ഗവർണർമാർ സ്വയം ഒരു ആക്ടിവിസ്റ്റ് റോളാണ് സംസ്ഥാനങ്ങളിൽ പ്രകടിപ്പിക്കുന്നത് എന്ന് ഹിന്ദു മുഖപ്രസംഗത്തിൽ പറയുന്നു,

‘കേന്ദ്രസർക്കാർ പാസാക്കുന്ന നിയമങ്ങൾ സംരക്ഷിക്കേണ്ടതും നടപ്പാക്കുന്നെന്ന്‌ ഉറപ്പാക്കേണ്ടതും തന്റെ കടമയാണെന്ന സംസ്ഥാന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ പ്രസ്താവന സംശയാസ്പദമാണ്‌. ഗവർണർ പദവി കേവലം റബർ സ്‌റ്റാമ്പ്‌ അല്ലെന്ന അദ്ദേഹത്തിന്റെ നിലപാട്‌ അംഗീകരിക്കുന്നു. പക്ഷേ രാജ്യത്തിന്റെ ഭൂരിപക്ഷതാൽപ്പര്യം സംരക്ഷിക്കുകയെന്നതാണ്‌ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ചുമതലയെന്ന്‌ ഗവർണറും മറക്കരുത്‌.

പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ്‌ ധൻകറാകട്ടെ മമത സർക്കാരുമായി കൊമ്പുകോർക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. ബംഗാളിലേതിൽനിന്ന്‌ വ്യത്യസ്തമായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കുന്നു. എന്നാൽ, ഇരു സംസ്ഥാനത്തെയും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾക്ക്‌ ഗവർണർമാരുടെ പ്രകോപനപരമായ നിലപാടിൽ കടുത്ത അമർഷവുമുണ്ട്‌. അധികാരകേന്ദ്രീകരണം ലക്ഷ്യമാക്കിയ കേന്ദ്രസർക്കാരും ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാക്കാൻമാത്രമേ ഗവർണർമാരുടെ ഇത്തരം നിലപാടുകൾ സഹായിക്കൂ’. എന്നും ഹിന്ദു മുഖപ്രസംഗത്തിൽ പറയുന്നു.

‘ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ തങ്ങൾക്ക്‌ വിധേയനായ ഗവർണറെ നിയോഗിക്കുന്നത്‌ കേന്ദ്രസർക്കാരുകൾ എക്കാലത്തും സ്വീകരിച്ചുവന്ന ഉപായമാണ്‌.
അതുകൊണ്ടുതന്നെ, സംസ്ഥാന സർക്കാർ-ഗവർണർ ഭിന്നത പുതുകഥയല്ല. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രസർക്കാർ രാജ്യത്തിന്റെ നാനാത്വത്തോട്‌ അസഹിഷ്ണുത പുലർത്തുന്നു. ഇതിനോട്‌ ഐക്യപ്പെടുന്ന ഗവർണർമാരുടെ നിലപാടാണ്‌ നിലവിലെ പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നത്‌’എന്നും  മുഖപ്രസംഗത്തിൽ പറയുന്നു.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക്‌ അർഹിക്കുന്ന മര്യാദയും ബഹുമാനവും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകാണാമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button