നേപ്പാളിൽ മലയാളികൾ മരിച്ച സംഭവത്തിൽ നേപ്പാൾ ടൂറിസം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ റിസോർട്ടിൽ മലയാളികളായ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ നേപ്പാൾ ടൂറിസം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. നാല് കുട്ടികളടക്കം എട്ടു പേരാണ് യമനിലെ എവറസ്റ് പനോരമ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിലെ ഗ്യാസ് ഹീറ്ററിൽനിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് റിസോർട്ട് മാനേജറുടെ മൊഴി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോർട്ടിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവർ മുറിയിൽ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഹെലികോപ്റ്റർ മാർഗം ധംബരാഹിയിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് എച്ച്.എ.എം.എസ്. ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റുമോർട്ടം ചെയ്യും. അപകടത്തിന്‍റെ കാരണം കണ്ടെത്താനായി ഇന്ത്യന്‍ എംബസിയിലെ ഡോക്ടറും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാവും നാളെ പോസ്റ്റ്മോര്‍ട്ടം നടത്തുക.
നേപ്പാള്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങൾ വ്യാഴാഴ്ച എത്തിക്കുക .