ശബരിമല വരുമാനം കഴിഞ്ഞവർഷത്തേക്കാൾ 100 കോടിയിലധികം
ശബരിമല : റെക്കോർഡ് വരുമാനവുമായി ശബരിമല. മണ്ഡല മകരവിളക്ക് കാലത്തെ ശബരിമലയിലെ ഇതു വരെയുള്ള കണക്കുപ്രകാരം ആകെ വരുമാനം 263.46 കോടി രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 95.35 കോടി രൂപ കൂടുതലാണ് ഇത്തവണ . കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. 2017-18 വർഷത്തെ ആകെ വരുമാനം 263.77 കോടിയും.
കാണിക്കയായി ലഭിച്ച നാണയങ്ങൾ ഇനിയും എണ്ണി തീർന്നിന്നിട്ടില്ല. മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച നാണയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ എണ്ണി തീർക്കാൻ കഴിഞ്ഞത്. ദേവസ്വം ഭണ്ഡാരത്തിന്റെ മൂന്നു ഭാഗത്തായി ഇത് കൂട്ടി ഇട്ടിരിക്കുകയാണ്. മകരവിളക്ക് കാലത്ത് ദിവസവും 23 ലക്ഷം രൂപയുടെ നാണയമാണ് മകരവിളക്ക് ധനലക്ഷ്മി ബാങ്കിനു കൈമാറിക്കൊണ്ടിരുന്നത്.
ഫെബ്രുവരി 5ന് നാണയം എണ്ണുന്നതു പുനഃരാരംഭിക്കും. നാണയങ്ങൾ എണ്ണി തീരുമ്പോൾ നിലവിലെ തുകയും മറികടക്കും. കുറഞ്ഞത് 8 കോടി രൂപയുടെ എങ്കിലും നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.