Top Stories
ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി:എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തി
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി. ഡിജിപി ആയ ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തി. സർവീസിൽ ഇരുന്നുകൊണ്ട് ചട്ടംലംഘിച്ച് പുസ്തകം എഴുതിയതിനെ തുടർന്നാണ് നടപടി. മെയ് 31ന് വിരമിക്കാൻ ഇരിക്കയാണ് ഡി ജി പി ജേക്കബ് തോമസിനെതിരെ ഉള്ള സർക്കാരിന്റെ ശിക്ഷാ നടപടി.
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം എഴുതിയതാണ് ഡിജിപി ജേക്കബ് തോമസിനെ എഡിജിപി ആയി തരംതാഴ്ത്തിയതിന് കാരണം. സർവീസിൽ ഇരുന്നു കൊണ്ട് പുസ്തകമെഴുതിയത് ചട്ട ലംഘനമാണെന്ന് കണ്ടെത്തുകയായിരുന്നു. ഓഖി ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരെയുള്ള പരാമർശങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള വിവിധ വകുപ്പുകൾ ക്കെതിരെയുള്ള വിമർശനങ്ങളും ജേക്കബ് തോമസും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കി. തുടർന്നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്ന നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.
1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. നിലവിൽ മെറ്റൽ ആൻഡ് സ്റ്റീൽ ഇൻഡസ്ട്രീസ് എംഡി ആണ് തോമസ്. വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സർക്കാരിന്റെ വിശദീകരണം.
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ആയി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സർക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് എത്തുകയും എഡിജിപി ആയി തരംതാഴ്ത്തുകയും ചെയ്തു. ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപി ആയ ജേക്കബ് തോമസ് എഡിജിപി ആയി സർവീസിൽ നിന്നും വിരമിക്കേണ്ട അവസ്ഥയിലെത്തി.