Top Stories
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും
തിരുവനന്തപുരം : നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങൾ നാളെ 11 മണിക്കുള്ള വിമാനത്തിൽ കഠ്മണ്ഡുവിൽ നിന്നും ഡൽഹിയിൽ എത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ ഡൽഹിയിലെത്തുമെങ്കിലും വെള്ളിയാഴ്ച മാത്രമേ കോഴിക്കോട് എത്തുകയുള്ളൂ.
തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ തന്നെ തിരുവനന്തപുരത്തെത്തും. ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് കോഴിക്കോട് സ്വദേശികളുടെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിൽ എത്തിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക വഹിക്കും.
നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ബുധനാഴ്ച ഉച്ചയോടെ പൂർത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡൽഹി വഴി നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ എട്ട് പേരെ ദമനിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.