പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല:മറുപടി നൽകാൻ സർക്കാരിന് നാല് ആഴ്ച സമയം
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകി. ഇന്ന് സുപ്രീംകോടതി പരിഗണിച്ച 140 ഹർജികളിൽ 60 എണ്ണത്തിന് മാത്രമാണ് കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയത്. 80 ഹർജികളിൽ മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകൾ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.
എന്നാൽ പൗരത്വനിയമത്തിനോ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾക്കൊ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. അസമിലേയും ത്രിപുരയിലെയും ഹർജികൾ പ്രത്യേകമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ക്കെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യത്തോട്, കേന്ദ്രത്തിന്റെ മറുപടി കിട്ടിയശേഷം തീരുമാനമെടുക്കാമെന്ന് ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.