മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതി കീഴടങ്ങി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച ബാഗ് ഉപേക്ഷിച്ച സംഭവത്തിലെ പ്രതി കീഴടങ്ങി. ആദിത്യ റാവു എന്നയാളാണ് ബംഗളൂരു പോലീസിനു മുന്നില്‍ കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഇയാൾ പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.മംഗളൂരു പോലീസിന്റെ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യാനായി ബംഗളൂരുവിലേക്ക് തിരിച്ചു.
2018 ൽ ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയുമായി കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ രൂപത്തിന് സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാൾ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ ബാഗ് ഉപേക്ഷിച്ച പ്രതിയുടെ കൈയ്യില്‍ മറ്റൊരു ബാഗ് കൂടി ഉണ്ടായിരുന്നു എന്ന് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവർ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പ്രതി തുളുവിലാണ് സംസാരിച്ചതെന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് വിമാനത്താവള ടെര്‍മിനലിന് സമീപം വച്ച് തിരികെ ഓട്ടോയില്‍ കയറിരണ്ടാമത്തെ ബാഗുമായി രക്ഷപ്പെട്ടെന്നുമാണ് ഓട്ടോ ഡ്രൈവർ മൊഴി നല്‍കിയിരുന്നത്.
തിങ്കളാഴ്ചയാണ് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.


