Top Stories
അന്ത്യാഭിലാഷം ആരാഞ്ഞ് ജയിലധികൃതർ;ഇന്നേക്ക് ഒൻപതാം നാൾ തൂക്കു മരത്തിലേക്ക്
ഡൽഹി : നിർഭയയെ പിച്ചിച്ചീന്തി മരണത്തിലേക്ക് വലിച്ചെറിഞ്ഞവർ ഇന്നേക്ക് ഒൻപതാം നാൾ തൂക്കു മരത്തിലേക്ക്. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ ക്രൂരതക്ക് ഫെബ്രുവരി ഒന്നാം തീയതി രാവിലെ ആറുമണിക്ക് മരണശിക്ഷ. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷക്കുള്ള ഒരുക്കങ്ങൾ ഒന്നൊന്നായി പൂർത്തിയാക്കി തിഹാർ ജയിൽ അധികൃതർ.
ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികൾക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി ജയിൽ അധികൃതർ. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? എന്നീ ചട്ടപ്രകാരമുള്ള ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്‍റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്.