Top Stories
മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ
കോട്ടയം : മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. സൗദിയിൽ ജോലിചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ. മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നത് എന്നും ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാർ പറയുന്നു.
രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്ന് മലയാളി നഴ്സുമാർ പറയുന്നു. കൊറോണ വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു.
ആദ്യമായാണ് മലയാളികൾ ധാരാളം ജോലിചെയ്യുന്ന സൗദിയിൽ കൊറോണ വൈറസ് ബാധിച്ചതായി പറയുന്നത്. അതും ഒരു മലയാളി നഴ്സിനെ വൈറസ് ബാധിച്ചത് ഭീതിയോടെയാണ് മറ്റുള്ള മലയാളി നേഴ്സുമാർ കാണുന്നത്.
അതേസമയം സംസ്ഥാനത്ത് വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി. കൊറോണ ബാധയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.