Top Stories
മലയാളി നഴ്സിന് ബാധിച്ചത് ചൈനയിൽ പടർന്നു പിടിക്കുന്ന മാരകമായ കൊറോണ വൈറസല്ല
റിയാദ്:സൗദി അറേബ്യയിലെ മലയാളി നഴ്സിന് ബാധിച്ചിരിക്കുന്നത് ചൈനയിൽ പടർന്നു പിടിക്കുന്ന മാരകമായ കൊറോണ വൈറസല്ലെന്ന് ഇന്ത്യൻ എംബസി. 2012-ൽ കണ്ടെത്തിയ മെഴ്സിന് കാരണമായ കൊറോണ വൈറസാണ് മലയാളി നഴ്സിൽ കണ്ടെത്തിയതെന്ന് ജിദ്ദയിലെ ഇന്ത്യൻ എംബസി. ഈ വൈറസ് ചികിത്സാവിധേയമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കൊറോണ വൈറസ് സ്ഥിതീകരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നഴ്സുമായി അടുത്തിടപഴകിയ മുപ്പത് മലയാളി നഴ്സുമാരെ സൗദി അറേബ്യയിലെ അസീർ അബഹ അൽ ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ പ്രത്യേകം മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്.
അബഹ അൽ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത് നഴ്സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡ് ആയതിനാൽ ബന്ധുക്കൾക്ക് പ്രവേശനമില്ല. തങ്ങൾക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്സുമാർ കഴിഞ്ഞദിവസം പരാതിയുന്നയിച്ചിരുന്നു. റിയാദിലെ ഇന്ത്യൻ എംബസി ഇടപെട്ടതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.