Top Stories

സ്കൂളുകളിൽ മതം പഠിപ്പിക്കേണ്ട:ഹൈക്കോടതി

എറണാകുളം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഏതെങ്കിലും ഒരു മതം മാത്രം പ്രത്യേകമായി പഠിപ്പിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.  സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ അടച്ചു പൂട്ടിയ മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും, മതം പഠിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്‌കൂള്‍ അടച്ചുപൂട്ടിയ നടപടി ശരിവെച്ച കോടതി മതപഠനം മതേതര സമൂഹത്തിന് വെല്ലുവിളിയാണെന്ന് നീരീക്ഷിച്ചു. സ്‌കൂളുകള്‍ പോലുള്ള പൊതു സ്ഥാപനങ്ങളില്‍ മതം പഠിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളല്‍ വീഴ്ത്തും. ഈ നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് അടച്ചുപൂട്ടാമെന്നും വിധിയിൽ പറയുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിൽ മതപഠനം പാടില്ലന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു. വ്യത്യസ്ത സംസ്കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button