Top Stories

കൊറോണ വൈറസ്:ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കോഴ്സ് പൂർത്തിയാക്കി ഇന്‍റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് കൊറോണ വൈറസ് ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ സർവകലാശാലകളിൽ കഴിയുന്നത്.

കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ഇവർക്കറിയില്ല.
മുൻപ് ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 പേർ മലയാളികളാണ്. പുറത്തു പോകരുതെന്ന് കുട്ടികൾക്ക് കർശന നിർദ്ദേശമുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഈമെയിൽ മുഖാന്തരം കുട്ടികൾ പരാതി അയച്ചിട്ടുണ്ട്.

ചൈനയിലെ വുഹാനിൽ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചൈനയിൽ 17 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 509 പേരിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2200 പേർ നിരീക്ഷണത്തിലാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button