Top Stories

ചൈനയിൽ നിന്നെത്തിയ മലയാളിക്ക് കൊറോണ ബാധ ലക്ഷണം:ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

എറണാകുളം : കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡിസംബർ 21ന് ആണ് ഇദ്ദേഹം ചൈനയിൽ നിന്നും ഒരു മാസത്തെ സന്ദർശനത്തിനു ശേഷം തിരിച്ചു വന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ, ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടോ എന്നതടക്കമുള്ള വിശദമായ വിവരങ്ങൾ ലഭ്യമാകൂ.

പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകൾക്കും പുറമേ, ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍-നെ ചുമതലപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിൽ കൊറോണ വൈറസ് ബാധയുള്ളവർ എത്തുന്നുണ്ടോ എന്നറിയാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം തെർമൽ സ്കാനിംഗ് നടത്തുന്നുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്‍റെ ദിശ നമ്പറായ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button