News
കാസറഗോഡ് അധ്യാപികയുടെ മരണം കൊലപാതകം;സഹ അദ്ധ്യാപകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു
കാസറഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അയാളുടെ ഡ്രൈവർ നിരഞ്ജന് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയെ കാണാതായ ദിവസം വെങ്കിട്ടരമണ കരന്തരെയും
കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.
മുങ്ങിമരണമെന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.