Top Stories
കളിയിക്കവിള എഎസ്ഐ വധം:പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവ്
തിരുവനന്തപുരം : എ.എസ്.എസ്.ഐ.യെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് തീവ്രവാദബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവ് ലഭിച്ചു. പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കുറിപ്പിലാണ് തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. പ്രതികളെ നെയ്യാറ്റിൻകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ്, പ്രതികൾ ജാഫർ എന്ന ആളെ സൂക്ഷിക്കാനേൽപ്പിച്ച ബാഗ് വീണ്ടെടുത്ത് ബാഗിൽനിന്നു തീവ്രവാദബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തത്. തമിഴിലുള്ള കുറിപ്പിൽ ഇംഗ്ലീഷിൽ ഐ.എസ്.ഐ. എന്നും രേഖപ്പെടുത്തിയിരുന്നു. കൂടല്ലൂർ സ്വദേശിയായ കാജ ഭായ് ആണ് സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
വിൽസണെ വെടിവയ്ക്കുന്നതിനു മുമ്പ് കുത്തിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. വിൽസണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു. കത്തി തമ്പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് കണ്ടെടുത്തത്. ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് രക്തംപുരണ്ട കത്തി കണ്ടെടുത്തത്. അബ്ദുൽ ഷമീമാണ് കത്തി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്. വെടിവയ്പ് നടന്ന ദിവസം വൈകീട്ട് നാലുമണിക്കു ശേഷമാണ് ഇരുവരും ബാലരാമപുരത്തെ സൂപ്പർ മാർക്കറ്റിലെത്തി കത്തി വാങ്ങിയത്. ഒപ്പം ഒരു ചോക്ളേറ്റും വാങ്ങിയിരുന്നു. പ്രതികളെ സൂപ്പർമാർക്കറ്റിലെ ജീവനക്കാർ തിരിച്ചറിഞ്ഞു.
കൊലപാതകത്തിനു ശേഷം തമ്പാനൂരിലെത്തിയ ഇരുവരും അവിടെ കത്തി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഇവർ എറണാകുളത്തേക്കു ബസിൽ പോയതും അവിടെ ബസ് സ്റ്റാൻഡിനു സമീപത്തെ അഴുക്കുചാലിൽ തോക്ക് ഉപേക്ഷിച്ചതും. കത്തി വാങ്ങിയ ശേഷമാണ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി ബാഗ് ജാഫറിനെ ഏൽപ്പിച്ചത്. ഇതിനു ശേഷം കളിയിക്കാവിള ചെക്പോസ്റ്റിൽ വിൽസണെ ആക്രമിക്കുകയായിരുന്നു. പ്രതികളുടെ കേരളത്തിലുള്ള ബന്ധുക്കളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.