Top Stories

പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മൂഴിക്കൽ പങ്കജാക്ഷി,സത്യനാരായണൻ മുണ്ടയൂർ എന്നിവർക്ക് പത്മശ്രീ

ന്യൂഡൽഹി: 71ന്നാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ടുമലയാളികൾ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമായ  നോക്കുവിദ്യാ പാവകളിയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മൂഴിക്കൽ പങ്കജാക്ഷി അമ്മക്ക് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്. അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാമാണ് നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി അമ്മ കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ്.

കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്കാരം ലഭിച്ചത്. 1979- മുതല്‍ അരുണാചലിലെ ഗ്രാമങ്ങളില്‍ വായനാശാലകള്‍ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം അരുണാചൽ നാടോടിക്കഥകൾ എന്ന പേരിൽ മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്.

21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കാടിന്റെ എൻസൈക്ളോപീഡിയ എന്നറിയപ്പെടുന്ന കർണാടകത്തിലെ 72 കാരി തുളസി ഗൗഡ,  പഞ്ചാബിലെ നൂറ് കണക്കിന് രോഗികൾക്ക് രണ്ടു ദശാബ്ദമായി ഭക്ഷണം നല്കുന്ന  84കാരൻ ജഗദിഷ് ലാൽ അഹൂജ, കർണാടകത്തിലെ സാധു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഹരേക്കള ഹജ്ജബ്ബ (64), ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കായി മൂന്നു ദശാബ്ദമായി  പൊരുതിയ മധ്യ പ്രദേശിലെ 63 കാരൻ അബ്ദുൽ ജബ്ബാർ, തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button