Top Stories
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല; ആവശ്യത്തെ സ്വാഗതം ചെയ്യുന്നു എന്ന് ഗവർണർ
തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ തിരിച്ചുവിളിക്കണമെന്നുള്ള ചെന്നിത്തലയുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ അധിപൻ താനാണ്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്.തന്നെ പറ്റി പരാതിയുള്ളവർ രാഷ്ട്രപതിയെ സമീപിക്കട്ടെ. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമിപീച്ചത് തെറ്റാണ്. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. ഭരണഘടനാപരമായി അത് തന്റെ കർത്തവ്യമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.