ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ രാഷ്ട്രപിതാവ് നൽകിയ അഹിംസയുടെ സന്ദേശം മറക്കരുത്:രാഷ്ട്രപതി
ന്യൂഡൽഹി : ഭരണഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ബാധ്യസ്ഥരാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ മനുഷ്യരാശിക്ക് നമ്മുടെ രാഷ്ട്രപിതാവ് നൽകിയ അഹിംസയുടെ സന്ദേശം മറക്കരുത്. അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങൾ ഓർത്താൽ ഭരണഘടനാ ആശയങ്ങൾ പിന്തുടരാൻ എളുപ്പം സാധിക്കുന്നതാണ്.ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശങ്ങൾ നൽകുന്നുണ്ട്. നിയമനിർമാണം, ഭരണനിർവഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെങ്കിലും ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാർഥ ശക്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.