News
കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 35 ലക്ഷത്തിന്റെ സ്വർണ്ണം തട്ടിയെടുത്ത് മറ്റൊരു കൊള്ളസംഘം
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 35 ലക്ഷത്തിന്റെ സ്വർണം മുഖംമൂടി ധാരികൾ കൊള്ളടയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തെയാണ് മറ്റൊരു കൊള്ളസംഘം ആക്രമിച്ച് 900 ഗ്രാം സ്വർണം കവർന്നത്. ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് സ്വർണം തട്ടിയെടുത്ത്.
കൊണ്ടോട്ടി മുസല്യാർ അങ്ങാടിയിൽ ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ 3.20നുള്ള വിമാനത്തിൽ സ്വർണവുമായി എത്തിയ കോഴിക്കോട് അത്തോളി സ്വദേശി ഫലസു വിമാനത്താളത്തിന് പുറത്തെത്തിയ ഉടൻ സ്വർണം പെരിന്തൽമണ്ണ സ്വദേശികളായ ഫൈസൽ, മുഹമ്മദ് എന്നിവർക്ക് കൈമാറി. തുടർന്ന് ഇവർ മറ്റൊരു കാറിൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.
മുസല്യാർ അങ്ങാടിയിൽ എത്തിയപ്പോൾ ഇന്നോവ കാറിലെത്തിയ സംഘം സ്വർണ്ണ വുമായി പോയ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് യാത്രക്കാരെ കാറിൽ നിന്ന് വലിച്ചിറക്കി കാറും അതിലുള്ള സ്വർണ്ണവുമായി കടന്നു. ഒരു കിലോമീറ്റർ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വർണം നഷ്ടമായി. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.