News
ഇന്ന് എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല: 70 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യ മഹാ ശൃംഘല തീർത്ത് പ്രതിഷേധിക്കും. എഴുപത് ലക്ഷം പേർ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശവാദം. ബിജെപി വിരുദ്ധരായ എല്ലാവരെയും മനുഷ്യ ശൃംഖലയിൽ ഒന്നിപ്പിക്കാൻ ആണ് സിപിഎം ശ്രമം. ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. ജാതി മത സംഘടനകൾക്കും മനുഷ്യ ശൃംഖലയിൽ പങ്കെടുക്കാൻ സിപിഎം ക്ഷണമുണ്ട്.
പൗരത്വബില്ലിനെതിരായ സമരങ്ങളിൽ ആദ്യം സിപിഎമ്മുമായി കൈകോർത്ത യുഡിഎഫ് പക്ഷേ മനുഷ്യ ശൃംഘയെ എതിർക്കുന്നു.
സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നാണ് കോൺഗ്രസ് വിമർശനം. ലീഗും മനുഷ്യ ശൃംഖലയോട് പരസ്യമായ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എൽഡിഎഫ് ദേശീയപാതയിൽ മനുഷ്യശൃംഖല തീർക്കും.
കളിയിക്കാവിള മുതൽ കാസർകോട് വരെയാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫിന്റെ മനുഷ്യശൃംഖല. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യചങ്ങലയിലെ ആദ്യത്തെ കണ്ണിയാകും.രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണിചേരും കളിയിക്കാവിളയിൽ എം എ ബേബി ശൃംഖലയിൽ അവസാന കണ്ണി ആകും.ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം.