News
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ‘ശുഷ്കാന്തി’;റെനിറ്റിന്റെ മനസ്സമ്മതം 20 മിനിറ്റ് വൈകി
നെടുങ്കണ്ടം : മോട്ടോർ വാഹന എൻഫോഴ്സ്മെന്റിന്റെ ‘ശുഷ്കാന്തി’ കാരണം എഴുകുംവയൽ കാക്കനാട് സ്വദേശി റെനിറ്റിന്റെ മനസ്സമ്മതം 20 മിനിറ്റ് താമസിച്ചു. വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ പിടികൂടി അര മണിക്കൂർ വഴിയിൽ പിടിച്ചിട്ടതോടെയാണ് നിശ്ചയിച്ചിരുന്ന സമയവും തെറ്റി 20 മിനിറ്റ് താമസിച്ചത്.
റെനിറ്റിന്റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെൺകുട്ടിയായിരുന്നു വധു. എഴുകുംവയലിൽ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വരൻ സഞ്ചരിച്ച വാഹനം കള്ളടാക്സി എന്നാരോപിച്ചു പിടികൂടിയത്.
വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനൽകാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല. വരൻ സഞ്ചരിച്ച വാഹനത്തിനു മോട്ടർ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു. അര മണിക്കൂർ വാഹനം വഴിയിൽ പിടിച്ചിട്ടു. വിവാഹസംഘം വഴിയിൽ കുടുങ്ങി. 11.30നാണു വിവാഹസമയം നിശ്ചയിച്ചിരുന്നത്.11.50നാണു വിവാഹസംഘത്തിനു ദേവാലയത്തിൽ എത്താൻ കഴിഞ്ഞത്.
വിവാഹച്ചടങ്ങുകൾക്കു കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികൾ ഉണ്ടെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം മനഃപൂർവം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞിട്ടതു കാരണം സമയം നഷ്ടപ്പെട്ടെന്നും ഈ സമയം സംസ്ഥാനപാതയിലൂടെ പോയ മറ്റു വാഹനങ്ങൾ പരിശോധിച്ചില്ലെന്നും മനഃപൂർവമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
എന്തായാലും കല്യാണ ചെറുക്കനോട് കാണിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാരുടെ ഈ ‘ശുഷ്കാന്തി’, ലക്കും ലഗാനുമില്ലാതെ തെക്കുവടക്ക് പായുന്ന ഏമാൻമാരുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അടുത്തുകൂടി കാണിച്ചാൽ നന്നായിരുന്നു.
ഡ്രൈവിംഗ് സ്കൂളുകാരുടെ മാസപ്പടിയും മദ്യസൽക്കാരം പറ്റുന്ന വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് നേരെ ഈ ഒരു ‘ശുഷ്കാന്തി’ മോട്ടോർ വാഹന വകുപ്പും കാട്ടിയാൽ വകുപ്പ് രക്ഷപെടും.