News
വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തി:ടിപ്പർ ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം : വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ പിടികൂടി. കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിന്റെ ടിപ്പറാണ് തുമ്പ പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകളുമായി അനിൽകുമാർ സ്റ്റേഷനിൽ ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ നമ്പർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് പുറത്തായത്.
KL 22 N 5791 എന്ന നമ്പർ ഉപയോഗിച്ചാണ് ടിപ്പർ ഓടിയിരുന്നത്. എന്നാൽ പ്രശാന്ത് നഗർ സ്വദേശി ഹരിശങ്കറിന്റെ ബൈക്കിന്റേതാണ് ഈ നമ്പർ.ടിപ്പറിന്റെ യഥാർഥ നമ്പർ KL 22 N 5602. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി ബോധ്യപ്പെട്ട പോലീസ് ടിപ്പർ ഉടമയായ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് തുമ്പയിൽ വച്ച് പോലീസ് പരിശോധനയ്ക്കിടെ പാസില്ലാതെ എം.സാൻഡ് കടത്തിയ ടിപ്പർ പിടികൂടിയത് .വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കിയിരുന്നില്ല. വാഹനത്തിന്റെ വിവരത്തിനായി മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ തിരഞ്ഞപ്പോഴാണ് വ്യാജ നമ്പറുപയോഗിച്ചുള്ള മണ്ണു കടത്തലാണെന്ന് പൊലീസ് മനസിലാക്കിയത്. ബ്രാഞ്ച് സെക്രട്ടറിയുടെ തട്ടിപ്പ് പുറത്തായതോടെ കേസൊതുക്കി തീർക്കാൻ ഉന്നത ഇടപെടലുകൾ ഉണ്ടാകുന്നുണ്ടന്ന ആക്ഷേപം ഉയരുന്നുണ്ട്.