Top Stories
കൊറോണ:ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ വിമാനമയക്കും;സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി ഇന്ത്യ. ചൈനയിൽ കുടങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്ന് ഉടൻ വുഹാനിലേയ്ക്ക് പുറപ്പെടും.
പാസ്പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദ്ദേശിച്ചിട്ടുണ്ട്. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയിട്ടുള്ളവരാണ് വിവരങ്ങൾ കൈമാറേണ്ടത്.
അതേസമയം, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുവരെ ആർക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിതീകരിച്ചിട്ടില്ല. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലുണ്ട്.10 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. കണ്‍ട്രോള്‍ റൂമിലെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.