News

രമേശ് ചെന്നിത്തലയുടെ നടപടികൾ പോപ്പുലർ ഫ്രണ്ടിനെ പ്രീതിപ്പെടുത്താൻ;കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുത്:എംടി രമേശ്‌

കൊച്ചി:പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്പോണ്‍സര്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടിഎന്‍ പ്രതാപനും പികെ കുഞ്ഞാലിക്കുട്ടിയും സുപ്രീം കോടതിയിൽ കേസ് കൊടുത്തതെന്ന് എം ടി രമേശ് ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലീം ലീഗും കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപനുമാണ്. ഇവര്‍ക്കായി കേസില്‍ ഹാജരാകുന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ അക്കൗണ്ടിലേക്ക് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നും എത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്ന വാർത്ത ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ കൂടി കൊടുത്തപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്തയെ അവഗണിച്ചുവെന്ന് എം ടി രമേശ് കൂട്ടിച്ചേർത്തു.

കോഴിക്കോട്ടെ ഒരു ബാങ്കില്‍ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വനിയമത്തിനെതിരെ രാജ്യത്ത് സമരം തുടരുന്നത്. പിന്‍വലിച്ച ഈ തുക സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലമാണെന്ന് എംടി രമേശ് ആരോപിച്ചു.

പൗരത്വനിയമത്തിനെതിരെയല്ല രാജ്യത്തിനെതിരെയാണ് കേരളത്തില്‍ നടക്കുന്ന സമരം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം വില പോകുന്നില്ലെന്ന് മനസ്സിലാക്കിയതോടെ രമേശ് ചെന്നിത്തല ഗവർണർക്കെതിരെ നീങ്ങാൻ തുടങ്ങിയെന്ന് എംടി രമേശ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഗവർണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം സഭയിൽ അവതരിപ്പിക്കണമെന്ന വിചിത്ര ആവശ്യം ചെന്നിത്തല മുന്നോട്ടുവച്ചതെന്നും എംടി രമേശ് ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനോടുള്ള ഉപകാരസ്മരണ കാരണമാണ് കോഴിക്കോട്ടെ മാവോയിസ്റ്റുകളുടെ വീട്ടില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. കോൺഗ്രസിനുള്ളിൽ തന്നെ രമേശ് ചെന്നിത്തലയുടെ നടപടികളോടുള്ള വിയോജിപ്പ് പുറത്തു വരുന്നുണ്ടെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം ഗവര്‍ണര്‍ക്കെതിരയുള്ള സമരമായി മാറിയെന്നും കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുതെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button