Top Stories
കാട്ടാക്കട കൊലപാതകം:പോലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം : സ്വന്തം ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും കീഴടങ്ങി. കൊല്ലപ്പെട്ട സംഗീതിന്റെ കാർ മാറ്റിയിട്ട ബൈജുവാണ് കീഴടങ്ങിയത്. രാവിലെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം, കാട്ടാക്കട സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഗീതിന്റെ ഭാര്യ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്താൻ ഒന്നര മണിക്കൂർ വൈകിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വന്തം പുരയിടത്തിൽ നിന്ന് മണ്ണ് എടുത്തത് ചോദ്യം ചെയ്ത കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. സംഗീതിനെ ആദ്യം ടിപ്പർ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തട്ടിമാറ്റിയതെന്ന് പോലീസ് അറിയിച്ചു. ടിപ്പറിടിച്ച് വീണ സംഗീതിനെ വീണയിടത്ത് എഴുന്നേറ്റ് നിന്നപ്പോൾ ജെസിബിയുടെ ബക്കറ്റ്ക്കൊണ്ട് കൊണ്ട് സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. ഒപ്പം മതിലും തകർന്നു വീണു.