News
പഴയകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു
തിരുവനന്തപുരം : ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനു ശേഷം പതിനാറാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്.
നിരവധി സിനിമകളിലും ദൂരദര്ശന് പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. റാഗിങ് (1973) ആണ് ആദ്യ സിനിമ. ജി.എസ് പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചർ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടല്‍” എന്ന സിനിമയില്ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. അന്‍സര്‍ മാലിക് ആണ് മകന്.