Top Stories
നയപ്രഖ്യാപനപ്രസംഗം ഇന്ന്; പൗരത്വനിയമ ഭേദഗതിക്കെതിരായുള്ള പരാമർശങ്ങൾ ഗവർണർ വായിക്കില്ല
തിരുവനന്തപുരം:നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയിൽ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായി സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിക്കില്ലന്ന് ഗവർണർ.
നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉൾപ്പെടുത്തിയ അഭിപ്രായങ്ങൾ വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി.
പൗരത്വനിയമ ഭേദഗതിക്കെതിരേ നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണം എന്നാണ് സർക്കാരിന്റെ വാദം. പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് അത് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നും സർക്കാർ ചൂണ്ടി കാട്ടുന്നു.
നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ചചെയ്യാൻ പാടില്ലന്നും, നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രീംകോടതിയും പറഞ്ഞിട്ടില്ലന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യനിർവഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരണമായിരുന്നുവെന്നുമാണ് ഗവർണർ വാദിക്കുന്നത്.