Top Stories

തൈറോയ്ഡ് കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം : തൈറോയ്ഡ് കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. നിലവിൽ തൈറോയ്‌ഡ് ക്യാൻസറിന്  ഉപയോഗിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങളില്ലാത്ത ഒരു ഔഷധക്കൂട്ടാണ് മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്. ലബോറട്ടറിയിൽ വളർത്തിയ അർബുദകോശങ്ങളിലും, എലികളിലും വിജയകരമായി ഉപയോഗിച്ച ഈ മരുന്ന്, മനുഷ്യരിൽ ഉപയോഗിക്കുന്ന ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.

ഇപ്പോൾ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘പോണാറ്റിനിബ്’ (ponatinib) എന്ന മരുന്ന്, പുതിയൊരിനം രാസതന്മാത്രകളുമായി (PLX4720) സംയോജിപ്പിച്ചായായിരുന്നു പരീക്ഷണം. പുതുതായി രൂപപ്പെടുത്തിയ ഈ ഔഷധക്കൂട്ട് തൈറോയ്ഡ് അർബുദ കോശങ്ങൾ വളരുന്നത് തടയുന്നതായി പരീക്ഷണങ്ങളിൽ തെളിയിച്ചു. കാൻസർ കോശങ്ങൾ വളരുന്നത് തടയുന്നു എന്നു മാത്രമല്ല, മറ്റു പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും ഈ മരുന്നിന്റെ സവിശേഷതയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.സുരേഷ് കുമാർ അറിയിച്ചു.

തൈറോയ്ഡ് അർബുദത്തിൽ വ്യത്യസ്ത ജനിതക ഘടനാ മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഗവേഷകർ നിരീക്ഷിട്ടുണ്ട്. അതിൽ ഏറ്റവും അപകടകാരി ‘ബീറാഫ്’ (BRAF) മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകളുള്ള കോശങ്ങൾ പെരുകുന്നത് തടയാൻ പുതിയ മരുന്നിന് കഴിയുമെന്ന്, ‘ക്ലിനിക്കൽ കാൻസർ റിസർച്ച്’ ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ഗവേഷണത്തിന് നേതൃത്വം നൽകിയ മലയാളിയായ സുരേഷ് കുമാർ യു എസിൽ ‘നാഷണൽ കാൻസർ ഇൻസ്റ്റിട്ട്യൂട്ട്’ ഗവേഷകനാണ്. കൊച്ചി സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി. യു.എസിലെ ഇന്ത്യാന, പെൻസിൽവാനിയ യൂണിവേഴ്സിറ്റികളിൽ അർബുദ ഗവേഷണത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button