Top Stories
സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാം;സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി മുസ്ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തിൽ വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ, വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്കാരം സ്ത്രീകൾക്ക് നിഷ്കർച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭരണഘടനയിലെ മതസ്വാതന്ത്ര്യം തുല്യത എന്നിവയെക്കുറിച്ചും, മതാചാരങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണോ എന്നും മതാചാരങ്ങളിൽ മേൽ കോടതിക്ക് എത്രമാത്രം ഇടപെടൽ നടത്താൻ ആകുമെന്നും മതമേധാവികളുടെ തീരുമാനങ്ങൾ ആണോ കണക്കിലെടുക്കേണ്ടതെന്നും ഒക്കെയുള്ള വിഷയങ്ങൾ സുപ്രീംകോടതി ഒമ്പതംഗ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സമയത്താണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ഇങ്ങനെയൊരു സത്യവാങ്മൂലം നൽകിയത്. ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിധികളെ ഈ സത്യവാങ്മൂലം ഒരുപക്ഷേ സ്വാധീനിച്ചേക്കാം.