Top Stories
തൃശ്ശൂര്‍ വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : കേരളത്തിൽ തൃശ്ശൂര്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ . ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനിക്കാണ് പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. നേരത്തെ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നിന്ന് പരിശോധനക്കയച്ച 20 സാമ്പിളുകളിൽ 10 എണ്ണം നെഗറ്റീവാണ്. ബാക്കി പരിശോധിച്ച സാമ്പിളുകളിൽ 1 എണ്ണം മാത്രമാണ് പോസിറ്റീവ് ആയത്. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുടങ്ങും.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവിധ മുൻകരുതലുകളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. ജാഗ്രതയോടുകൂടി രോഗലക്ഷണങ്ങളെ സമീപിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചൈനയിൽ നിന്നെത്തിയവരും അവരുമായി സഹകരിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. തൽക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.