News
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു;വിചാരണ അടച്ചിട്ട കോടതി മുറിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തിയിട്ടുണ്ട്. വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. രഹസ്യ വിചാരണയായതിനാൽ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്.
സംഭവം നടന്ന് 2 വർഷത്തിനും 11 മാസത്തിനും ശേഷമാണ് കേസിന്റെ വിചാരണ നടപടികൾ തുടങ്ങുന്നത്.
ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു.
മലയാള സിനിമയിലെ പ്രമുഖ നടീനടൻമാർ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ 135 സാക്ഷികളുടെ വിസ്താരം നടക്കും. ചലച്ചിത്ര പ്രവർത്തകരുടേത് അടക്കം 32 ഓളം രഹസ്യമൊഴികൾ കേസിൽ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കും രണ്ടുപേർ മാപ്പുസാക്ഷികളുമാണ്. ദിലീപിന് മേൽ നിലവിൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികൾ ചെയ്ത കുറ്റങ്ങളും ദിലീപിൽ ആരോപിക്കപ്പെടും.