Top Stories

ക്ഷേമ പെൻഷനുകൾ100 രൂപ വർധിപ്പിച്ചും നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തിയും ഐസക്കിന്റെ ബജറ്റ്

തി​രു​വ​ന​ന്ത​പു​രം: സാമ്പത്തികനില മോശമായ സ്ഥിതിയിലാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചുവെന്ന് ഐസക് പ്രസംഗത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയര്‍ത്തി. ലൈഫ്​ മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിച്ച് 1300 രൂപയാക്കി ഉയര്‍ത്തി. ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് 9311 കോടി രൂപയാണ്. എന്നാല്‍ ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും ധനമന്ത്രി പറഞ്ഞു.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതടക്കം 2500 കോടി രൂപയാണ് ഈ സ്‌കീമിന്റെ അടങ്കല്‍. തീരദേശ വികസനത്തിനായി 380 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ഇതടക്കം തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി.

പുതുതായി വ്യവസായ പാർക്കുകൾക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഹ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ അടങ്കൽ 54678 കോടി രൂപയാണ് ഇവയിൽ 13617 കോടി പദ്ധതികൾ ടെൻഡർ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവർത്തനം പൂർത്തീകരിച്ചു.

കിഫ്ബി വഴി 20,000 കോടി ഈ വര്‍ഷം ചെലവഴിക്കും. കിഫ്ബി വഴിയുള്ള 4500 കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 675 പദ്ധതികളിലായ 38,028 കോടിയുടെ അനുമതി നല്‍കി കഴിഞ്ഞു. 2020-21ൽ കിഫ്ബിയിൽ നിന്ന് 20,000 കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുനൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്ക് വേണ്ടി ആരംഭിക്കും. 500 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കും. ടെക്നോ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളെ കൂടി പ്രോത്സാഹിപ്പിക്കും. തെരുവു ബള്‍ബുകള്‍ എല്‍.ഇ.ഡിയായി മാറ്റും.

2020-21ലെ പുതിയ തൊഴില്‍ദാതക്കള്‍ക്ക്​ ഒരു മാസത്തെ പി.എഫ്​ തുക സബ്​സിഡി നല്‍കും. 2020 നവംബര്‍ മുതല്‍ സി.എഫ്​.എല്‍, ഫിലമെന്‍റ്​ ബള്‍ബുകളുടെ വില്‍പന നവംബര്‍ മുതല്‍ നിരോധിക്കും. കേരളാ ഫിനാന്‍സ് കോര്‍പറേഷന് (കെ.എഫ്​.സി) 10 കോടി അനുവദിച്ചു. 89,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആസ്തി സെക്യൂരിറ്റിയില്ലാതെ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലന്നും സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയാണ് കേന്ദ്രം സംസാരിക്കുന്നത്. 2009 ന് സമാനമായ തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന നീങ്ങുകയാണ്. 2019 -20 ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ഇതിന് കാരണം സമ്പദ് ഘടനയുടെ മൊത്തം ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്. വിലക്കയറ്റം 14 ശതമാനത്തിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button