കനത്ത സുരക്ഷാ വലയത്തിൽ ദില്ലിയിൽ പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി
ന്യൂഡൽഹി : വീരയോദ്ധാക്കളുടെ ഓർമ്മകൾ നിറഞ്ഞ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെ ദില്ലിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പരേഡ് കമ്മാന്റർ ലെഫ് ജനറൽ അസിത് മിസ്ത്രിയിൽ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങുകൾ രാജ്പഥിൽ ആരംഭിച്ചു.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യ ആകർഷണമാണ്. സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും.
മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ.